പാപി | Sinner
മരുന്നുകളുടെ ഗന്ധം ആ മുറിയാകെ നിറഞ്ഞിരുന്നു. പാതി തുറന്ന ജനാലയിലൂടെ അപ്പോഴും ഇരുട്ട് ഇരച്ചുകയറുന്നുണ്ടായിരുന്നു. ഇരുട്ടിന്റെ വിളയാട്ടത്തിന് ഏതാനും മണിക്കൂറുകളുടെ ആയുസ്സേ ഇനിയുള്ളൂവെന്നതിന് ഭിത്തിയിൽ തൂങ്ങിയാടിയ ഘടികാരം സാക്ഷ്യം പറഞ്ഞു. എന്നാൽ ശരിക്കുമുള്ള അന്ധകാരം വെളിച്ചത്തിന്റെ മറവിലാണ് വിഹരിച്ചിരുന്നതെന്ന് അവൾക്ക് അറിയാമായിരുന്നു.
ജനാലപ്പാളിയിൽ ഒരു കൈ വച്ച്, മറു കൈ കൊണ്ട് തന്റെ താടിയെല്ലുകളെ താങ്ങിനിർത്തിയ കാല്മുട്ടുകളെ കെട്ടിപ്പിടിച്ച്, കോച്ചിത്തണുത്ത് കൂനിക്കൂടി അവളിരുന്നിരുന്നു. ഒരു മാസത്തിനിപ്പുറം ഇരുന്ന് തന്റെ ഓർമ്മകളെ വരിച്ചുമുറുക്കി തന്നോട് അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ, തന്റെ കൈകാലുകളുടെ ശക്തി ക്ഷയിച്ചിരിക്കുന്നുവെന്ന് അവളറിയുന്നുണ്ടായിരുന്നു. ഒന്നാം ദിവസം കുതറിയോടിയ, മരുന്നുകൾ തട്ടിത്തെറുപ്പിച്ച, ഒരു നിമിഷനേരത്തേക്ക് ഡോക്ടറിന് മരണത്തെ കാട്ടിക്കൊടുത്ത ആ ആനി എന്നോ മരിച്ചുതുടങ്ങിയെന്ന യാഥാർഥ്യം അവളറിയുന്നുണ്ടായിരുന്നു. തന്നെ ക്ഷയിപ്പിക്കുന്ന, തന്നെ ഉറക്കത്തിലേക്ക് തള്ളിയിടുന്ന ദ്രാവകങ്ങൾ നിറച്ച സൂചികൾ, തന്റെ ഓർമകളെ പോലും മായ്ക്കുവാനുതകുന്നതായിരിക്കും എന്ന് ഒരുപക്ഷെ അവൾക്ക് ഈയിടെയായിരിക്കണം മനസ്സിലായി തുടങ്ങിയത്.
അഗാതങ്ങളിൽ എവിടെയോ തെന്നിത്തെറിച്ച കുറേ പേരുകളും ചില ചിത്രങ്ങളും മാത്രമായി അവർ തന്റെ കഴിഞ്ഞകാലത്തെ തന്നിൽ നിന്നും കൊട്ടിയടക്കുമ്പോഴും ഉറങ്ങാതിരുന്ന് അവൾ അവയെ തിരിച്ചുപിടിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഉറങ്ങാതിരിക്കാൻ അവൾക്ക് കാരണങ്ങൾ പിന്നെയുമുണ്ടായിരുന്നു. കണ്ണുകളടയ്ക്കുമ്പോൾ ഓർമ്മയിൽ തെളിഞ്ഞിരുന്നത് മെലിഞ്ഞു നീണ്ട, കുഴിഞ്ഞ കണ്ണുകളുള്ള, തൂങ്ങിയാടുന്ന പല്ല് കാട്ടിച്ചിരിക്കുന്ന, കൈകളിൽ ഒരു ലെതർ ബെൽറ്റ് പിടിച്ച കരിഞ്ഞുണങ്ങിയ ഒരു സെക്യൂരിറ്റി ഗാർഡ് ആയിരുന്നു. അയാൾ വന്നുപോയിരുന്ന ഇടവേളകിൽ എല്ലാം ആനി ഉറക്കമായിരിക്കും. വേദനകളറിയാത്ത ഉറക്കത്തിലും അവളുടെ ഞരങ്ങലുകൾ ഇടയ്‌ക്കൊക്കെ അവൾ തന്നെ കേട്ടിരുന്നു. ഉറക്കമുണരുമ്പോൾ ആ ഞരങ്ങലുകൾ നിലവിളികളായി പരിണമിച്ചിരുന്നു. അവളുടെ ശരീരത്തിൽ അങ്ങിങ്ങായി പൊട്ടിയൊലിച്ച രക്തം അതിനോടകം ഉണങ്ങിവരണ്ട് ആ മുറിവുകളെ അവൾ ധരിച്ചിരുന്ന ഉടുപ്പിനോട് ബന്ധിച്ചിട്ടുണ്ടാകും. ആ ബന്ധനങ്ങളെ തച്ചുടക്കുന്ന വേളയിൽ ഒരിക്കൽ അവൾ അതും മനസ്സിലാക്കി...വയസ്സന്റെ പ്രയോഗം ബെൽറ്റ് കൊണ്ട് മാത്രമായിരുന്നില്ല...കൈപ്പാടുകൾ പതിഞ്ഞ് വിങ്ങി വീർത്ത് തൂങ്ങിയാടിയ മുലകൾ ഒരറപ്പോടെയല്ലാതെ അവൾ പിന്നെ തൊട്ടതേയില്ല.
മരുന്നുകളുടെ ഗന്ധത്തിനപ്പുറം, അവളെ മനംമടുപ്പിച്ച്, അവളിൽ നിന്നും
തന്നെ വമിക്കുന്ന ദുർഗന്ധം ആ മുറിയിൽ വിളയാടി. തന്റെ മേൽ വീണിരുന്ന പ്രഹരം
സമ്മാനിച്ച വേദന താങ്ങാൻ പണിപ്പെട്ട്, അവൾ പോലുമറിയാതെ
അവളുടെ ശരീരത്തിൽ നിന്നും ഊർന്നിറങ്ങിയ മൂത്രക്കണങ്ങൾ ആയിരുന്നു പ്രതി. ഇന്നേക്ക്
മൂന്നുദിവസമായിരുന്നിരുന്നു ആ വസ്ത്രം നഴ്‌സുമാർ ചേർന്ന് അവളെ ധരിപ്പിച്ചിട്ട്.
പക്ഷെ അത് മാറ്റികൊടുക്കുവാൻ അവൾ ആവശ്യപ്പെട്ടില്ല. അത്തരമൊരാവശ്യം മുൻപൊരിക്കൽ
അവൾക്ക് നാലടി കൂടുതൽ വാങ്ങിക്കൊടുത്തിട്ടുണ്ട് എന്നതായിരുന്നു ആ ദുർഗന്ധത്തെ
ആസ്വാദ്യകരമായി ഉൾക്കൊള്ളാനുള്ള അവളുടെ ഉൾപ്രേരണ!
നേരം വെളുക്കാൻ തുടങ്ങിയിരുന്നു. അപ്പോഴും ജനാലപ്പാളിയിലൂടെ ആനി പുറത്തേക്കു തന്നെ നോക്കിയിരുന്നു. എന്നും അതേ കാഴ്ച തന്നെ. ഇല പൊഴിച്ച് കുഴിയിലേക്ക് കാലു നീട്ടിയിരിക്കുന്ന ഒരു അപ്പൂപ്പൻ മരം. അതിനുചുറ്റും കാറ്റിന്റെ ഗതിയോട് മല്ലടിക്കുന്ന കുറേ അപ്പൂപ്പൻതാടികൾ. ഇടയ്‌ക്കൊക്കെ ഒരു കുഞ്ഞിക്കുരുവി വിരുന്നു വന്ന് പോകും. അതിന്റെ ദേഹം മുഴുവൻ നീലയാണ്. പക്ഷെ അതിനെ സുന്ദരിയാക്കിയിരുന്നത് തലയിലെ മഞ്ഞപ്പൊട്ടായിരുന്നു. അങ്ങനെ പറയത്തക്ക വണ്ടികളോ ആളുകളോ ആ വഴി വന്നിരുന്നില്ല. പൊതുവഴി അല്ലായിരിക്കണം. ഇങ്ങോട്ടു വരുന്ന വഴിക്കും ആനി ശ്രദ്ധിച്ചിരുന്നു...മെയിൻ റോഡിലെ വളവിൽ കണ്ട ബോർഡിന് ശേഷമുള്ള വഴി ഏറെക്കുറെ വിജനമായിരുന്നു. അടുത്തായി കണ്ടിരുന്നത് ഒരേയൊരു വീട് മാത്രം. ഒരു കൊച്ചു വീട്. അതും പക്ഷെ നടക്കാവുന്ന ദൂരത്തിനപ്പുറമാണ്. വല്ലപ്പോഴും ചുള്ളി പെറുക്കാനും പുല്ല് പറിക്കാനും അവിടുന്നൊരു ചെക്കനും തള്ളയും വരും. അവൻ ജനാലയ്ക്കലേക്കു ഓടി വരും പോലെ ഇടക്ക് തോന്നിയിട്ടുണ്ട്. പക്ഷെ അപ്പോഴേക്കും ആ തള്ള അവനെ തിരികെ വിളിച്ചു ചീത്ത പറയും. അവൻ ഇങ്ങടേക്ക് വരാൻ പാടില്ലത്രേ. റാഹേല് മോനൂട്ടനോടും ഇത് തന്നെയാ പറഞ്ഞിരുന്നേ. മോനൂട്ടൻ ആനിയോട് പിന്നീട് മിണ്ടിയിട്ടേയില്ല. ഇടയ്ക്ക് ചെക്കനെ കാണുമ്പോൾ അവൾ വിങ്ങിപൊട്ടിയലറും… “മോനൂട്ടന് ഇപ്പോഴും എന്നോട് പിണക്കമാണോ? റാഹേല് പറയുന്നത് പൊള്ളയാ...റാഹേലും ലോനപ്പനും പറയുന്നത് പൊള്ളയാ...ഇവരൊക്കെ പറയുന്നത് പൊള്ളയാ…”
വാതിൽക്കൽ ആളനക്കം കേട്ടാണ് ആനി തിരിഞ്ഞു നോക്കിയത്. അതൊരു കന്യാസ്ത്രി ആയിരുന്നു. ആശുപത്രിക്കെട്ടിടത്തിനു താഴെയായി ഒരുകന്യാസ്ത്രീമഠമാണെന്ന് നേരത്തെ തന്നെ ആനിക്കറിയാം. ഇടക്ക് ഇതുപോലെ ചില കന്യാസ്ത്രികൾ വന്നുപോകും. അവരുടെ വകയാണത്രെ ഈ ആശുപത്രി. പക്ഷെ ഇവർ പുതിയ ആളാണ്. മുൻപ് കണ്ടിട്ടില്ല. വലിയ പ്രായമില്ല. മെലിഞ്ഞിട്ടാണ്. തലയിൽ ഇട്ടിരുന്ന കറുത്ത തുണി നിഷേധിച്ച സ്വാതന്ത്ര്യം പിടിച്ചുവാങ്ങിയ കുറുനിരകൾ നെറ്റിയിൽ തൂങ്ങിയിരുന്നു. ആ സ്വതന്ത്രർ തന്നെ കണ്ട് സഹതപിച്ചിരിക്കുമോ? അതോ ഇനിയും മോചിതയാകാത്തതിന്റെ പേരിൽ അവർ തന്നെ നോക്കി ഊറിച്ചിരിച്ചിരിക്കുമോ? ആനി ഒന്ന് ദീർഘമായി നിശ്വസിച്ചു. അത് അവൾക്ക് അവളോട് തന്നെ തോന്നിയ ജാള്യത കൊണ്ടു മാത്രമായിരുന്നില്ല; ഭയം കൊണ്ട് കൂടിയായിരുന്നു.
കന്യാസ്ത്രീമഠത്തിലെ മദർ സുപ്പീരിയർ കാതറിൻ, അവരൊരു കണിശ്ശകാരിയായിരുന്നു. ഈ പുതിയ ആളെ പോലല്ല; അവർ ഉണ്ടുറങ്ങി ദുർമേദസ്സ് വച്ചിരുന്നു. നാലടി നടക്കുമ്പോഴേ അവർ കിതക്കുമായിരുന്നു. എന്നും തന്നെ ഉറക്കാനുള്ള മരുന്ന് കുത്തിവയ്ക്കുന്ന സിസ്റ്റർ പറഞ്ഞതായി ആനി ഓർക്കുന്നു: “അവർ പ്രേമിച്ച മഹാൻ അവരെ തിരിച്ചും പ്രേമിക്കണമെന്ന് അവർ വ്യാമോഹിച്ചത്രേ. അതുണ്ടോ അയാൾ നിരീക്കുന്നു. അയാൾ വേറെ കെട്ടിയതിന്റെ പിറ്റേന്ന് മഠത്തിൽ ചേർന്നതാത്രേ. അതിന്റെയാ ഈ ദേഷ്യവൊക്കെ!”
ആ സിസ്റ്റർ അത്ര നല്ലവളൊന്നും അല്ല. കുത്തിവയ്ക്കാൻ സമ്മതിക്കാതെ കുതറുമ്പോൾ വായ് പൊത്തി പിടിച്ച് പലതവണ അടിച്ചിരിക്കുന്നു. പിന്നെ ഒരു ഒന്നാന്തരം നുണച്ചിയും. അതുകൊണ്ട് മൊത്തമായി ഈ കഥ വിശ്വസിക്കാൻ പറ്റില്ല എന്ന് ആനി തീർച്ചപ്പെടുത്തിയതായിരുന്നു. എന്നാൽ കാതറിൻ ഒരു അസ്സൽ ദേഷ്യക്കാരി ആണെന്നതിൽ സത്യാവസ്ഥയുണ്ടെന്ന് അധികം വൈകാതെ ആനിക്ക് ബോധ്യമായി. അന്നും ഇതുപോലൊരു രാവിലെയായിരുന്നു. ഉറക്കമുണർന്ന് എഴുന്നേറ്റിരുന്നതും കരണത്തിന് അടിപൊട്ടിയതും ഒരുമിച്ചായിരുന്നു. പിന്നീടൊരു മരവിപ്പായിരുന്നു. ബോധം പോയി കട്ടിലിലേക്ക് തന്നെ ചാഞ്ഞു വീഴുമ്പോഴും കലങ്ങിയ കണ്ണുകൾ പുലഭ്യം പറഞ്ഞു നീങ്ങുന്ന കാതറിനെ ഒരു നോട്ടം കണ്ടിരുന്നു. “കുത്തിവയ്പ്പ് ചികിത്സയൊന്നുവല്ല ഈ നശൂരങ്ങൾക്കു വേണ്ടത്. സാത്താനുണ്ടായതിങ്ങള്! കരണം പൊളയ്ക്കണ രണ്ടടി മതി ഏനക്കേട് മാറാൻ”...പോകുന്ന പോക്കിൽ അവരിങ്ങനെ പറഞ്ഞിരുന്നു.
തലേന്ന് രാത്രി ആനി നിലവിളിച്ചലച്ചത് അവരുടെ ഉറക്കം കെടുത്തിയത്രേ. പക്ഷെ യഥാർത്ഥ കാരണമതല്ലെന്ന് നുണച്ചി സിസ്റ്റർക്ക് ഉറപ്പായിരുന്നു. പ്രണയമാണത്രെ കാരണം. ആനിക്കും അത് തന്നെയാണല്ലോ ഏനക്കേട്. ഡോക്ടറിനോട് കാതറിൻ സംസാരിച്ചപ്പോഴാണ് അറിഞ്ഞതെന്നും കൂടി നുണച്ചി പാസ്സാക്കിയപ്പോൾ ശരിയായിരിക്കുമെന്ന് മയക്കത്തിൽ ആനിയും സമർത്ഥിച്ചു.
കെട്ടഴിഞ്ഞു വീണ ഓർമ്മകളെ വാരിപ്പെറുക്കുമ്പോഴേക്കും മുറിയിലെ പുതിയ അതിഥി തന്റെ മുന്നിൽ ഒരു ശ്വാസത്തിനപ്പുറത്തായി നിന്നിരുന്നു. കരണം പൊത്തി ആനി കട്ടിലിന്റെ ഒരു മൂലയിലേക്ക് എന്തിനീങ്ങി. “പേടിക്കണ്ട”, പതിഞ്ഞ സ്വരത്തിൽ ആ അതിഥി പറഞ്ഞു. അവളെന്നോ കേട്ടുമറന്ന കരുതലിന്റെ സ്വരം. ആ ഒറ്റവാക്കിൽ ഒത്തിരി സ്നേഹം നിഴലിച്ചിരുന്നതുപോലെ. ഒരുപക്ഷെ അത് വെറുമൊരു തോന്നലായിരിക്കാം. ഇവരും മറ്റൊരു കാതറിൻ ആയിരിക്കാം. പക്ഷെ, ഒരു കാന്തത്തിനോടെന്നപോലെ ആനി പതിയെ ആ അതിഥിയുടെ അടുക്കലേക്ക് നീങ്ങി. അവർ അവളുടെ കവിളുകളെ തന്റെ കൈകൾക്കുള്ളിൽ ആക്കി. ആനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷെ, കണ്ണുനീർ പൊഴിഞ്ഞില്ല. അതിഥിയുടെ നെറ്റിയിലെ കുറുനിരകൾ അവളെ കൂടുതൽ അടുത്ത് നിന്ന് നോക്കി ചിരിച്ചേക്കുമെന്ന് ഭയന്നതിനാലാകാം അവൾ കരയാതിരുന്നത്.
“ഞാൻ സിസ്റ്റർ ആഗ്നസ്. എന്താ പേര്?”
എന്തായിരുന്നു തന്റെ പേര്? ആരായിരുന്നു താൻ? താൻ എന്താ ഇവിടെ? താൻ എങ്ങനെ ഇവിടെയെത്തി? ആഗ്നസ് തന്നോട് ചോദിച്ച ആ ഒരൊറ്റ ചോദ്യം തന്റെ ഓർമ്മമണ്ഡലങ്ങളുടെ മേൽ നടത്താനിരുന്നത് ഒരു വിസ്ഫോടനമായിരുന്നെന്ന് ആനി പതിയെ മനസ്സിലാക്കുകയായിരുന്നു.
ഇവിടെ ആരും തന്നോടിതുവരെ അത്തരമൊരു ചോദ്യം ചോദിച്ചിരുന്നില്ലെന്ന് ആനി ഓർത്തെടുത്തു. ഒരു മാസത്തെ ഇവിടുത്തെ ജീവിതം തന്റെ അസ്തിത്വത്തെപ്പോലും തന്നിൽ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നുവെന്ന സത്യത്തെ അവൾ അറപ്പോടെ കുടിച്ചിറക്കി. അത് അവൾക്ക് അത്ര ബുദ്ധിമുട്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം. ഇതിനോടകം, തന്റെ വിസർജ്യത്തെ പോലും വേണ്ടിവന്നാൽ അന്നനാളത്തിലൂടെ തള്ളിയിറക്കാൻ കഴിയുന്ന ഒരു ജീവിക്കുന്ന ശവമാക്കി അവളെ മാറ്റാൻ കാതറിനും വയസ്സനും നുണച്ചിക്കും അവിടുത്തെ മറ്റനേകം മനുഷ്യർക്കും കഴിഞ്ഞിരുന്നു.
ആനി. ലോനപ്പനും റാഹേലിനും കർത്താവ് കനിഞ്ഞുണ്ടായ സന്താനം. നാല് കൊല്ലത്തിനപ്പുറം മോനൂട്ടനെന്ന് വിളിക്കുന്ന സക്കറിയ ഉണ്ടായതിൽ പിന്നെയും ആനിയോടുള്ള സ്നേഹം കുറഞ്ഞിരുന്നില്ല. “ദൈവഭക്തിയുള്ള കുട്ടിയായിരുന്നേ. ഒന്ന് തല്ലി നോവിക്കേണ്ടി പോലും വന്നിട്ടില്ല”, ലോനപ്പൻ പറഞ്ഞു നിർത്തുമ്പോൾ റാഹേല് കരയുന്നുണ്ടായിരുന്നു. “പക്ഷെ സാത്താനുണ്ടായതാണെന്ന് പിന്നീടല്ലേ അറിഞ്ഞതച്ചോ”, ലോനപ്പന്റെ കണ്ണുകളും അന്നേരം നനഞ്ഞിരുന്നു. “ഇതിപ്പോ രണ്ടാം തവണയല്ലേ ഇങ്ങനെ. നീ കൊച്ചിനോട് സംസാരിച്ചിരുന്നോ ലോനപ്പാ?”, സാമുവൽ അച്ചൻ ചോദിച്ചു നിർത്തി.
പറഞ്ഞുവരുന്നത് താൻ കോളേജിലെ മരിയ ഫിലിപ്പിനെ ചുംബിച്ച കാര്യമാണ്. അതെ, രണ്ടാമത്തെ പ്രണയം. സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തേത്. അനു.വി.പി എന്ന് പേരായ ഒരു നത്തോലി. വലിയ കണ്ണുകളായിരുന്നു അവൾക്ക്. അവളുടെ കാതിൽ മുത്തുമ്പോൾ ഇക്കിളിയാകുന്നുവെന്ന് പറഞ്ഞ് അവൾ ഊറിച്ചിരിക്കുമായിരുന്നു. മരിയ നാണക്കാരിയാ. രണ്ടാം വർഷം ആകും വരെയും അവൾ ഒന്ന് ചുംബിക്കാൻ സമ്മതം മൂളിയിരുന്നില്ല. ആദ്യത്തേത് പൊളിച്ചത് കെമിസ്ട്രി പഠിപ്പിച്ചിരുന്ന താടകയായിരുന്നു. രണ്ടാമത്തേത് മരിയയുടെ അപ്പനും. അവൾക്കും കിട്ടിയിരിക്കണം തല്ല്. മുതുക്കിയായതിന്റെ പരിഗണനയിൽ എനിക്ക് തല്ലൊന്നും കിട്ടിയിരുന്നില്ലെന്നും പട്ടിണിയായിരുന്നു ശിക്ഷ എന്നും ആനി ഓർത്തു. രണ്ടു ദിവസമായിരുന്നു ശിക്ഷാ കാലാവധി. എന്നാൽ “ഇനി മേലാൽ എന്നെ കാണരുത്” എന്ന മരിയയുടെ അവസാന ഫോൺ കാളിനു ശേഷം ആ പട്ടിണി രണ്ടു ദിവസം കൂടെ നീണ്ടിരുന്നു.
സാമുവൽ അച്ചൻ പ്രതീക്ഷിച്ച പോലെ ലോനപ്പൻ പക്ഷെ ആനിയോട് സംസാരിച്ചിരുന്നില്ല. സംസാരിച്ചിരുന്നെങ്കിലും ഇങ്ങനെയൊക്കെ തന്നേ സംഭവിക്കുമായിരുന്നുള്ളൂവെന്ന് ആനി പക്ഷെ ഊഹിച്ചു. ആ ഊഹം ശെരിയാണ്; സാമുവലച്ചനും ഇടവകക്കാരും പറയുന്നതിനപ്പുറം ലോനപ്പന് ഒരു മറുവാക്ക് ഉണ്ടായിരുന്നില്ല. റാഹേലിന്റെ കരച്ചിലിന് പോലും അവിടെ സ്ഥാനമുണ്ടായിരുന്നില്ല. അച്ചടക്കമുള്ള മറ്റു ഭാര്യമാരെ പോലെ അവരും പിന്നീട് അടിയറവ് പറയുമെന്ന് ലോനപ്പനറിയാമായിരുന്നു. ആ നല്ല കുടുംബിനി പട്ടം പക്ഷെ സ്വന്തം മകളുടെ കാര്യത്തിലെങ്കിലും റാഹേൽ ഉപേക്ഷിച്ചിരുന്നെങ്കിൽ എന്ന് ആനി വ്യാമോഹിച്ചിരുന്നു.
ആനിയുടെ കൊള്ളരുതായ്മയ്ക്ക് ലോനപ്പൻ കണ്ടെത്തിയ പ്രതിവിധിയായിരുന്നു ഡാനിയേലുമായുള്ള വിവാഹാലോചന. പക്ഷെ പെണ്ണുകാണാൻ വന്ന ഡാനിയേലിനെ വരവേൽക്കാൻ ലോനപ്പനോ റാഹേലോ മോനൂട്ടനോ ഉണ്ടായിരുന്നില്ല. അവരന്നേരം ഞരമ്പറുത്ത് രക്തം വാർന്ന് മരണത്തോട് മല്ലടിച്ചിരുന്ന ആനിയുമായി ആശുപത്രിയിലായിരുന്നു. ഇടയ്‌ക്കൊക്കെ ആനി ഓർക്കും...ശരിക്കും ലോനപ്പനും റാഹേലും തന്നെ സ്നേഹിച്ചിരുന്നോ? ശരിക്കും അവർ ക്രൂരരല്ലേ? അന്ന് രക്തം വാർന്ന് മരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ പോലും അവൾ അവരെ ഇത്രയേറെ വെറുത്തുപോകില്ലായിരുന്നു എന്ന് അവൾക്കിന്നറിയാം. മകളുടെ നല്ല നടത്തിപ്പിനായുള്ള സാമുവൽ അച്ചന്റെ വേദോപദേശം ആയിരുന്നു ഈ കാരാഗൃഹം. അവളുടെ ലൈംഗീകതക്ക് അവരിട്ട പണത്തിന്റെ കണക്കുകൾ പക്ഷെ പിഴക്കാനുള്ളതാണെന്ന ബോധ്യം ലോനപ്പനും റാഹേലിനും ഒരിക്കലും ഉണ്ടായതുമില്ല.
ആഗ്നസിന്റെ കൈവിരലുകൾ ആനിയുടെ കൈത്തണ്ടയിലെ മുറിപ്പാടിലൂടെ ഓടിമറഞ്ഞു. ആനി അവരോട് ഒന്നും പറഞ്ഞില്ല. എല്ലാം അറിഞ്ഞിരുന്നത് പോലെ ആഗ്നസ് ആനിയോടായി പറഞ്ഞു, “സാരമില്ല”. ആഗ്നസിനെ ഞെട്ടിച്ചു കൊണ്ട് ആനി അവരെ തന്റെയടുക്കലേക്ക് വലിച്ചു നിർത്തി കെട്ടിപിടിച്ചു. തന്റെ വയറിനോട് ചേർന്നിരുന്ന ആനിയുടെ മുഖം കണ്ണീരിനാൽ കുതിരുന്നത് ആഗ്നസ് അറിഞ്ഞു. ആഗ്നസിനോടായി പറയാൻ ആഗ്രഹിച്ചതൊക്കെയും ആനി കരഞ്ഞു തീർക്കുകയായിരുന്നു.
ആഗ്നസ് ആനിയുടെ അടുത്തിരിക്കുമ്പോഴും ആനിയുടെ കൈകൾ അയഞ്ഞിട്ടുണ്ടായിരുന്നില്ല. ആഗ്നസിന്റെ മാറിടത്തിൽ തല വയ്ച് അവൾ ഉറങ്ങുകയായിരുന്നു. ബാക്കിയായ ഒരുപാട് ഉറക്കങ്ങൾ. ഓർമ്മകളെ ഭയക്കാതെ. അവ മറന്നു പോകുമെന്ന ഭയമില്ലാതെ. ഒരു ജീവിതകാലത്തിന്റെ മുഴുവൻ ഉറക്കവും അവൾ ഉറങ്ങിത്തീർക്കുകയായിരുന്നു. സിസ്റ്റർ ആഗ്നസ് പിന്നീട് അങ്ങോട്ട് ആനിയുടെ സ്ഥിരം സന്ദർശകയായി. ആനിയുടെ മുറിയെന്നത് അവരുടെ മുറിയായി മാറിക്കൊണ്ടിരുന്നു. ദുർഗന്ധം ആഗ്നസിന്റെ ചന്ദനത്തിന്റെ മണമുള്ള സോപ്പിന്റെ ഗന്ധത്തിനായി വഴിമാറി. രാവിലെകളിൽ ആഗ്നസ് ആനിയുടെ മുറിവുകളിൽ തേൻ പുരട്ടി. വൈകുന്നേരങ്ങളിൽ ആനി ആഗ്നസിന്റെ മാറിൽ തല ചായ്ച് ഉറങ്ങി.
പതിവുപോലെ അന്നും ആഗ്നസ് രാവിലെ തന്നെ ആനിയുടെ മുറിയിലെത്തി. അന്ന് ആനി പതിവിലും സന്തുഷ്ടയായിരുന്നു. അവർ ഒരുപാട് നേരം സംസാരിച്ചിരുന്നു. പക്ഷെ പതിവ് തെറ്റിച്ച് അന്ന് ആനി മറുപടി ഒന്നും പറയുന്നുണ്ടായിരുന്നില്ല. അവൾ ആഗ്നസിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എപ്പോഴോ ആഗ്നസിന്റെ കണ്ണുകളും ആനിയുടെ കണ്ണുകളിൽ ഉടക്കി. ഇന്നേവരെ ആഗ്നസ് ആനിയുടെ കണ്ണുകളിൽ കണ്ടിട്ടില്ലാത്ത ഒരു മായികത അന്ന് അവളുടെ കണ്ണുകൾക്കുണ്ടായിരുന്നു. അത്ര തീവ്രമായി അവൾ തന്നെ ഇന്നേവരെ നോക്കിയിട്ടില്ലെന്ന് ആഗ്നസ് ഓർത്തു. എന്നാൽ ആ നോട്ടത്തെ ഭംഗിക്കാൻ ആഗ്നസ് മുതിർന്നുവില്ല. കഴിയാതിരുന്നതാണോ, അതോ ആ നോട്ടം അവരും ആസ്വദിക്കാൻ തുടങ്ങിയതിനാലായിരുന്നോ!
“ആഗ്നസ് നിങ്ങൾ അതീവ സുന്ദരിയാണ്. നിങ്ങൾ വളരെ നല്ലവരാണ്. ഇവിടെയുള്ള മറ്റുള്ളവരെ പോലെയല്ല. ഇന്നെന്നെ മയക്കുന്നത് നുണച്ചി കുത്തി വയ്ക്കുന്ന മരുന്നുകളോ കാതറിന്റെ ഓർമ്മകളോ അല്ല. അത്...നിങ്ങളോടുള്ള പ്രണയമാണ്. അതെ ആഗ്നസ്, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എന്നെക്കാളും. മറ്റാരേക്കാളും. ഈ കണ്ണുകളിൽ ഇങ്ങനെ നോക്കുമ്പോൾ ഞാൻ കാണുന്നത് അനുവിനെയോ മരിയയെയോ അല്ല. എനിക്ക് നിങ്ങളോടുള്ള സ്നേഹവാണ്. നിങ്ങൾ തിരിച്ചും എന്നെ സ്നേഹിക്കില്ലേ?”
.....
ഞാൻ നിങ്ങളെ ഒന്ന് ചുംബിച്ചോട്ടെ?”
.....
ആഗ്നസിന്റെ മറുപടിക്കായി ആനി കാത്തില്ല. പറഞ്ഞവസാനിപ്പിക്കും മുൻപേ ആനിയുടെ കൈവിരലുകൾ ആഗ്നസിന്റെ കഴുത്തിനേയും ചെവികളേയും തലോടി. അവളുടെ ചുണ്ടുകൾ ആഗ്നസിന്റെ ചുണ്ടുകളിലമർന്നു. കഴുത്തിനെ തലോടിയ കൈകൾ ആഗ്നസിന്റെ പിൻതലയിൽ അമർത്തി അവരെ ആനി തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു. ആനിയുടെ കണ്ണുകൾ പാതിയടഞ്ഞിരുന്നു. അപ്പോഴും നിലയ്ക്കാതെ ആ കണ്ണുകൾ കണ്ണുനീർ ചൊരിഞ്ഞു. ആഗ്നസിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. പക്ഷെ അവർ ആനിയെ എതിർത്തില്ല. അവളെ തള്ളി മാറ്റിയില്ല. തന്നെ കീഴ്‌പ്പെടുത്തിയ കൈകളുടെ ബന്ധനത്തിൽ നിന്നും രക്ഷ നേടാൻ അവൾ ശ്രമിച്ചില്ല. ഇനി ആ ബന്ധനത്തിൽ ആയിരുന്നോ ആഗ്നസിനുള്ള രക്ഷ...ആവോ...അതും അവർ പറഞ്ഞില്ല.
ആനിയുടെ ചുണ്ടുകൾ അയഞ്ഞപ്പോൾ ആഗ്നസ് ഒന്നും മിണ്ടാതെ,എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് പോയി. ആനി അപ്പോഴും കരയുന്നുണ്ടായിരുന്നു. അവർക്ക് തന്നോട് ദേഷ്യമായി കാണുമോ? അവർ ഇനി വരില്ലേ? ആനി എന്നൊന്നും ഓർത്തില്ല. എന്തോ അത്തരമൊരു വ്യാകുലപ്പെടലിന്റെ ആവശ്യകത ഇല്ലെന്ന് എന്നോ അവൾ മനസ്സിലാക്കിയിരുന്നത് പോലെ. കുറച്ചു നേരത്തിനു ശേഷം കൈയ്യിലൊരു ആപ്പിളും അത് മുറിക്കാനുള്ള കത്തിയുമായി ആഗ്നസ് വീണ്ടും മുറിയിലെത്തി. അപ്പോഴും അവരൊന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ആനിയുടെ കണ്ണുകൾക്ക് താൻ വീണ്ടും കീഴ്‌പ്പെടുമോ എന്ന് തോന്നിയിട്ടാണോ അവർ അവളുടെ കണ്ണുകളിൽ നോക്കാതിരുന്നത്? ഒരുപക്ഷെ ജീവിതത്തിൽ ഇതേവരെ അവർ ചെയ്ത ഒന്നിനും ആ ആപ്പിൾ മുറിക്കുന്നത്ര സൂക്ഷ്മതയുണ്ടായിരുന്നിട്ടുണ്ടാകില്ല. അവർ മുറിച്ച കഷ്ണം അവൾക്കായി നീട്ടുമ്പോൾ ആനി ഒരു വിങ്ങലോടെ ചോദിച്ചു, “ആഗ്നസ്, ഞാൻ അത്ര വലിയ പാപിയാണോ? സ്നേഹം അത്ര വലിയ കുറ്റമാണോ? അപ്പച്ചൻ എന്നെങ്കിലും…”. മുഴുവിക്കാൻ ആഗ്നസ് സമ്മതിച്ചില്ല. കയ്യിലിരുന്ന ആപ്പിളും കത്തിയും താഴേക്കിട്ട് ആഗ്നസ് ആനിയെ വാരിപ്പുണർന്ന് ചുംബിച്ചു. അവരുടെ ചുണ്ടുകൾ തമ്മിൽ ഞെരിഞ്ഞമർന്നു. കണ്ണുനീർ നനച്ച കവിൾത്തടങ്ങളിൽ ആഗ്നസ് മാറി മാറി ചുംബിച്ചു.
ഇന്നേവരെ അറിയാത്ത അഭിനിവേശത്തോടെ ആനി ആഗ്നസിന്റെ ചുണ്ടുകളെ വീണ്ടും വീണ്ടും തന്റെ ചുണ്ടുകളാൽ ബന്ധിച്ചു. തന്റെ ഹൃദയമിടിപ്പിന്റെ താളം വേഗത്തിലാകുന്നത് അവളറിഞ്ഞു. ഒരുവേള തന്റെ ശ്വാസം നിലച്ചേക്കുമോ എന്ന് അവൾക്ക് തോന്നി. കരയുന്നതിനിടയിലും അവർ പരസ്പരം നോക്കി ഒന്ന് ചിരിച്ചു. വീണ്ടും വീണ്ടും അവർ കരഞ്ഞുകൊണ്ട് ചിരിച്ചു. കണ്ണുനീർ പൊഴിച്ച് കൊണ്ട് ചിരിച്ച് ആഗ്നസ് ആനിയെ നോക്കി പറഞ്ഞു, “നീ പാപിയല്ല. സ്നേഹം പാപമല്ല”. ആഗ്നസ് ആ മുറി വിട്ട് പോകുമ്പോഴും ആനിയുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി ബാക്കിയായിരുന്നു.
ചിലപ്പോഴൊക്കെ ഒറ്റക്കിരിക്കുമ്പോൾ അങ്ങനെ തോന്നും. ആരോ പുറകിൽ നിൽക്കും പോലെ! തിരിഞ്ഞു നോക്കണമെന്ന് തോന്നും. പക്ഷെ നൈമിഷികമെങ്കിലും, ആരോ ഉള്ളിൽ നിന്നും ആ ചിന്തക്കെതിരെ കിണഞ്ഞു പൊരുതും. അത് തന്റെ തന്നെ ഭയമാണെന്ന തിരിച്ചറിവ് ലോനപ്പനുണ്ടായിരുന്നു. താൻ ഭയക്കുന്നത് തന്റെ തന്നെ നിഴലിനെയാണെന്നും. പക്ഷെ അന്ന് അങ്ങനെ ആയിരുന്നില്ല. ഒരുപാട് ഉറങ്ങാൻ ശ്രമിച്ചിട്ടും ഉറങ്ങാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. ശരിക്കും തന്റെ പുറകിൽ ആരോ ഉള്ളതുപോലെ! ഇരുട്ടിന്റെ അനന്തതയിൽ നിന്നും അയാൾ അത് കേട്ടൂ...വീണ്ടും വീണ്ടും...അവ്യക്തമായി...ഒരു മൂളൽ പോലെ… “അപ്പച്ചനിപ്പോഴും എന്നോട് വെറുപ്പാണോ?”. തന്റെ ഭയപ്പാടിനെ കീഴ്‌പ്പെടുത്തി ഒരു ഞെട്ടലോടെ അയാൾ തിരിഞ്ഞു നോക്കി...ഒരു കുഞ്ഞുവാവ; ആ കുഞ്ഞിന് ആനിയുടെ ഛായ. അവളുടെ അതെ കണ്ണുകൾ. ആ ചിരിയും പരിചിതം. അവളെ സൈക്കിളിൽ ഇരുത്തി സ്കൂളിൽ കൊണ്ടുപോയിരുന്ന ആ അപ്പച്ചനല്ല താൻ ഇന്ന് എന്ന ബോധം അയാൾക്ക് ചുറ്റും ഒരു നശിച്ച യാഥാർഥ്യമായി വന്നു മൂടി. ആ കുഞ്ഞ് തനിക്ക് മുത്തം തരുകയാണോ? എന്തായിരിക്കാം ചിരിച്ചു കൊണ്ടിരുന്ന കുഞ്ഞ് പെട്ടെന്ന് കരഞ്ഞു തുടങ്ങിയത്? ആ കുഞ്ഞ് കരഞ്ഞു കൊണ്ട് പിന്നെയും ചോദിച്ചു, “അപ്പച്ചനിപ്പോഴും എന്നോട് വെറുപ്പാണോ?”. ആ കരച്ചിൽ ആക്രോശമായി...നിലവിളിയായി...ലോനപ്പൻ ആ കുഞ്ഞിന്റെ അടുക്കലേക്കു പോകും തോറും ആ കുഞ്ഞ് ഓടി ഓടി ദൂരേക്ക് നീങ്ങി. നിലവിളിയും ദൂരേക്ക് ദൂരേക്ക് മങ്ങി.
രാവിലെ ആശുപത്രി വരാന്തയിലെത്തി നിൽക്കുമ്പോഴും ആ നിലവിളി ലോനപ്പന്റെ കാതുകളിൽ മുഴങ്ങിക്കേട്ടു. റാഹേലിന്റെ കൈകളെ അമർത്തിപ്പിടിച്ചിരുന്നത് ആ ഭയം മറക്കാനായിരുന്നോ? ആനിയുടെ മുറിയിലേക്ക് അവർ നടന്നു നീങ്ങി. ഡോക്ടറും നുണച്ചിയും കാതറിനും ഒരു വശത്തായി നിന്നിരുന്നു. കട്ടിലിൽ കിടത്തിയിരുന്ന വെള്ള പുതച്ച ശരീരത്തിൽ തല വയ്ച് ആഗ്നസ് തറയിൽ ഇരുന്നിരുന്നു. നിറം മങ്ങിയ ഒരാപ്പിളും രക്തം പുരണ്ട ഒരു കത്തിയും തറയിൽ കിടന്നിരുന്നു. ആനിയെ പുതച്ച വെള്ളത്തുണിക്ക് മറയ്ക്കാനാവാത്ത വണ്ണം കട്ടിലിനു പുറത്തേക്കായി അവളുടെ ഇടത്തേ കൈ നീണ്ടിരുന്നു. കൈത്തണ്ടയിലെ കത്തിതാഴ്ന്ന ഭാഗത്തു നിന്നും വാർന്നൊലിച്ച രക്തം തറയിൽ തളം കെട്ടിക്കിടന്നു.
ലോനപ്പൻ കരഞ്ഞില്ല. ഒന്നനങ്ങിയ പോലുമില്ല. റാഹേലിന്റെ കൈത്തണ്ടയെ അയാൾ ഞെരിച്ചമർത്തി. കണ്മുന്നിലെ അതിലും വലിയ വേദനയോർത്ത് റാഹേൽ വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു. ആഗ്നസ് എഴുന്നേറ്റ് ആനിയെ അവസാനമായി ഒന്ന് നോക്കി. ആഗ്നസിന്റെ കണ്ണുകൾ ചുവന്നിരുന്നു. ആനിയുടെ ചുണ്ടുകളെ ഒന്നുകൂടി അവൾ തന്റേതാക്കി. സ്തബ്ധനായി നിന്ന ലോനപ്പൻ അരിശത്താൽ നിറഞ്ഞുതുളുമ്പി. എന്നാൽ ആ അരിശത്തിന് ഒരു ചുവടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. തിരിഞ്ഞു നോക്കുമ്പോൾ റാഹേൽ അയാളുടെ കൈകളെ അയാൾ ഞെരിച്ചതിലും ശക്തിയായി മുറുക്കിയിരുന്നു. ഇക്കാലമത്രയും അവർ പറയാതെ മറച്ചതെല്ലാം അവരുടെ കണ്ണുകൾ പറഞ്ഞത് പോലെ. ആ കണ്ണുകളിൽ തെല്ലു ദേഷ്യമുണ്ടായിരുന്നില്ല. ദയനീയമായൊരു നിസ്സഹായാവസ്ഥയായിരുന്നു അത്. ഒരു അപേക്ഷ.
തന്റെ തലയിലെ ബാക്കി ഇഴകളെയും
സ്വാതന്ത്രരാക്കി ആഗ്നസ് ആ കറുത്തചട്ട വലിച്ചൂരി. അത് കാതറിന്റെ കാല്ക്കൽ എറിഞ്ഞ്
അവർ നടന്നു നീങ്ങി. ആ കാരാഗൃഹത്തിന്റെ പടികളിറങ്ങുമ്പോൾ ആഗ്നസിന്
കേൾക്കാമായിരുന്നു...ലോനപ്പന്റെ കരച്ചിൽ… “ഞാൻ പാപിയാണ്...മോളെ, ഞാൻ പാപിയാണ്. ഞാൻ അവളെ കൊന്നു റാഹേലെ...നമ്മളെല്ലാരും കൂടെ നമ്മുടെ മോളെ കൊന്നു....”.
Comments
Post a Comment