ശവംനാറിപ്പൂക്കൾ
"ഇന്ന് ആർക്കും ചാക്കാലയും ഇല്ലാല്ലോ!", പല്ലിൽ ഉമിക്കരി കുത്തിത്തേച്ച് ഒന്ന് ആഞ്ഞ് തുപ്പി തോമാച്ചൻ പരിഭവം പറഞ്ഞു. കെട്ടിക്കയറി വന്നതിന്റെ പിറ്റേന്ന് ചായയുമായി പറമ്പിലേക്ക് ചെന്ന ആലിസിന് കിഴക്കേ പറമ്പിന്റെ അറ്റത്തെ ശ്‌മശാനം ചൂണ്ടിക്കാട്ടി തോമാച്ചൻ പരിചയപ്പെടുത്തുമ്പോൾ, പച്ചമാംസം കത്തിയമർന്ന പുകച്ചൂടിന്റെ ഗന്ധം അവളുടെ മൂക്കിലൂടെ അമർന്നിറങ്ങി വായിലൂടെ ഒരു ഓക്കാനമായി വമിച്ചത് ഇന്നലെയെന്നതുപോലെ ആലിസ് ഓർത്തെടുത്തു. തോമാച്ചനെന്നും ചായയോടൊപ്പം ശവം കത്തുന്ന പുക വലിച്ചുകേറ്റണം. "അങ്ങേര് ഒരു ശവംതീനിയാ മോളേ", ഇടയ്ക്കിടെ ത്രേസ്യാമ്മ പറയും. ചില ദിവസങ്ങളിൽ പുതിയ ശവങ്ങളെത്താതെ വരികയാൽ തലേന്നത്തെ പുകയിൽ അഭയം പ്രാപിച്ച് തൃപ്തിയടയേണ്ടി വരുമ്പോൾ തോമ ത്രേസ്യയെ കൊന്നു കത്തിക്കുമെന്നു വരെ ആലിസിനിടയ്ക്ക് തോന്നിയിരുന്നു. മുടിക്കുത്തിന് പിടിച്ച് അടിക്കുമ്പോൾ ത്രേസ്യ നിർത്താതെ പുലഭ്യം പറയും. പുലഭ്യം പറച്ചിലിന്റെ ആഴവും ആക്കവും കൂടുമ്പോൾ ആലിസിനും തോന്നും; തോമാച്ചൻ ശരിക്കും ഒരു ശവംതീനി തന്നെ.
ഗൾഫിൽ വിയർപ്പുരുക്കി സമ്പാദിക്കുന്ന ദാവീദിനെ 'വശീകരിച്ച് മയക്കി' വന്നവളാണെങ്കിലും ത്രേസ്യയ്ക്ക് ആലിസിനെ ഇഷ്ടമായിരുന്നു. ആദ്യത്തെ നാലര കൊല്ലത്തോളം ഗൾഫിൽ ദാവീദിനൊപ്പം കഴിഞ്ഞിട്ടും ത്രേസ്യയുടെ പ്രാർത്ഥനാസാഫല്യം സാക്ഷാത്കരിക്കാൻ ആലിസിനു കഴിയാത്തതിന്റെ ദാവീദിന്റെയും വീട്ടുകാരുടേയും അമർഷമായിരുന്നു ശവപ്പറമ്പിനോട് ചേർന്നുള്ള നാട്ടിലെ വീട്ടിലേക്കുള്ള ആലിസിന്റെ കുടിയൊഴിപ്പിക്കലിനുള്ള ഹേതു. പോകെ പോകെ തോമാച്ചനു ശവങ്ങളെത്താത്ത ദിവസങ്ങളിലും ചായ കുടിക്കാൻ വലിയ കുഴപ്പമില്ലായ്കയായി. അയാൾ ആ വീട്ടിൽ തന്നെ മറ്റൊരു ശവപ്പറമ്പ് അതിനോടകം കണ്ടെത്തിയിരുന്നു.
"ഓ! ഈ മച്ചിയുടെ വയറിനോളം വരുവോടി ത്രേസ്യേ കണ്ടവന്റെ പറമ്പിലെ ശവം". ഓരോ തവണയും തോമാച്ചൻ അടുത്തേക്ക് വിളിക്കുമ്പോഴും, അയാളുടെ അടുത്തൂടെ പോകുമ്പോഴും തോമാച്ചൻ തന്റെ ഗർഭപാത്രത്തിൽ എരിഞ്ഞമർന്ന ഭ്രൂണങ്ങളുടെ ഗന്ധത്തിൽ അഭിരമിക്കുന്നതായി ആലിസിനു തോന്നിച്ചു. അവളിൽ നിന്നും ഒരായിരം ശവംനാറിപ്പൂക്കൾ പൂത്തുലയുന്നതായി അവൾക്ക് തോന്നിച്ചു കൊണ്ടേയിരുന്നു. ഒറ്റക്കുള്ള യാത്രകളിൽ അവളുടെ അടിവയറ്റിലെ തിരയിളക്കങ്ങളിൽ പുറത്ത് ചാടാൻ വെമ്പുന്ന ജീവനറ്റ നാറ്റം വച്ച ഭ്രൂണങ്ങളെ അവൾ അറിഞ്ഞിരുന്നത് പോലെ!
അങ്ങനെ ആലിസിന്റെ ഗർഭാശയത്തിൽ നിന്നും വമിച്ച ശവങ്ങളുടെ ഗന്ധത്തിൽ തൃപ്തനാകാൻ തോമ വിധിക്കപ്പെട്ട മറ്റൊരു ദിനമായിരുന്നുവത്. എന്നാൽ ചായയുമായി അന്ന് ആലിസെത്തിയില്ല. ശവംതീനി തന്റെ അരിശം തീർത്തതിൽ അന്ന് ആലീസിനെയും ചേർത്ത് പ്രാകി ത്രേസ്യ ഉമ്മറപ്പടിയിലിരുന്ന് മോങ്ങി.
വിദൂരങ്ങലെവിടെയോ തന്നെയും വഹിച്ചു പോരുന്ന ജീപ്പിന്റെ പിൻസീറ്റിൽ പ്രതീക്ഷകളുടെ അതിപ്രസരവും താങ്ങിപ്പിടിച്ച് ആലിസ് ഇരുന്നു. കൈവിരലുകൾ തലോടിയുന്തിയ ജപമാലയിലെ മുത്തുകൾ പല തവണ വട്ടം ചുറ്റിയെത്തി. പുലരും മുന്നേ പള്ളിമുറ്റത്തെത്തണമെന്നേ നിർദേശമുണ്ടായിരുന്നുള്ളു. ശ്‌മശാനത്തിലേക്ക് എത്തിയേക്കാവുന്ന ശവവണ്ടികളെ ഭയന്ന് രാത്രിയുടെ മദ്ധ്യയാമം കഴിഞ്ഞപ്പോഴേ ആലിസ് വീടുവിട്ടിറങ്ങിയിരുന്നു. ജീപ്പിൽ കയറിയതും കണ്ണുകൾ മൂടിക്കെട്ടിയെങ്കിലും വേച്ചുവലിച്ചു നീങ്ങുന്ന വണ്ടിയെയും അതിനുള്ളിലെ 'തിന്നു കൊഴുത്ത' മനുഷ്യന്മാരെയും വണ്ടിക്കാരൻ വിളിച്ച തെറിയിൽ നിന്നും വണ്ടി വലിഞ്ഞു കയറിയ കുന്നിന്റെ ഏകദേശ രൂപം ആലിസ് മനസ്സിലുണ്ടാക്കിയിരുന്നു. പോകുന്ന വഴിയത്രയും ശവനാറിപ്പൂക്കൾ അവളെ അനുഗമിച്ചിരുന്നതായി അവൾക്ക് തോന്നിച്ചു. അതോ ഇനി തോമാച്ചൻ പറയും പോലെ തന്റെ ഗർഭപാത്രം മറ്റൊരു ശ്മശാനമാണോ എന്നു പോലും അവളൊന്ന് ശങ്കിച്ചു. അന്നേരം അവൾക്ക് അവളോട് തന്നെ അറപ്പും ഉളുപ്പും തോന്നി.
ജീപ്പിലോട്ട് കയറ്റിയതും കുന്നിൻമുകളിലെ വീട്ടിലേയ്ക്ക് തള്ളിയിട്ടതും ഞൊടിയിടയിലായിരുന്നു. കണ്ണ് തുറക്കുമ്പോൾ മുന്നിൽ ഇരുട്ടല്ലാതെ മറ്റൊന്നുമില്ലായിരുന്നു. തന്റെ മേൽ ആഞ്ഞു വീണ ഏതോ പ്രഹരത്തിന്റെ പതിധ്വനിയെന്നോണം ആലിസിന്റെ നിലവിളി ഉയർന്നു കേട്ടു. അതു പിന്നെ ഒരു ഞരക്കമായും മൂളലായും പരിണമിച്ചു.
പിന്നെ തോമയും ത്രേസ്യയും അവളെ കണ്ടില്ല. ഭാവീദും അവളെ കണ്ടില്ല. നാട്ടുകാരും വീട്ടുകാരും ആരും അവളെ കണ്ടില്ല. മാസങ്ങൾക്കപ്പുറം ഏതോ കുന്നിൻപുറത്തെ വീട്ടിൽ നിന്നും കിട്ടിയ പാതി വെന്ത ശരീരത്തിന് ആലിസിന്റെ ഛായയുണ്ടെന്ന് കേട്ടറിഞ്ഞ തോമയും ത്രേസ്യയും മോർച്ചറി വരാന്ത കയറുമ്പോഴേക്കും സായാഹ്ന വാർത്തകൾ അങ്ങാടിമുക്കിലെ കടകളിലേക്ക് ചേക്കേറിയിരുന്നു. ഗർഭിണിയാവാൻ ആഭിചാര മന്ത്രവിദ്യയെ അഭയം പ്രാപിച്ച് ബലി കൊടുക്കപ്പെട്ട മച്ചിയുടെ കഥ തെരുവോരം ഏറ്റുപാടി. കാവിയണിഞ്ഞ് പ്രത്യക്ഷപ്പെട്ട രണ്ടുപേർ പത്രങ്ങളിലും വാർത്താ ബുള്ളറ്റിനുകളിലും നിറഞ്ഞു നിന്നു. കുന്തിരിക്കവും ചന്ദനമുട്ടിയും അടുക്കി വച്ച് കത്തിച്ചിട്ടും പക്ഷെ ആലിസിന്റെ നാഭിയിൽ നിന്നും പൂത്തുലഞ്ഞു നിന്ന ഒരായിരം ശവനാറിപ്പുക്കൾ കരിഞ്ഞില്ല. അവളുടെ കത്തിയമരുന്ന ശരീരത്തിൽ നിന്നും ഓക്കാനമെേന്നോണം ഉന്തിത്തള്ളി വന്ന ഗന്ധം തോമയുടെ മൂക്കിലൂടെ കുത്തിയിറങ്ങി. ആദ്യമായി അയാൾ അന്ന് മൂക്ക് പൊത്തിയതായി ത്രേസ്യയ്ക്ക് തോന്നി. അതോ ശരിക്കും അയാൾ മൂക്ക് പൊത്തിയോ?
Comments
Post a Comment